media

കൃഷ്ണനെ കൃപണനാക്കുന്ന പ്രഭാവൈപരീത്യം സ്വാമി ചിദാനന്ദ പുരി

പത്രപ്രവര്‍ത്തകനും കവിയും കേരള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും എല്ലാമായ ശ്രീ. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന കൃതിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തകവി പൂന്താനത്തിന്‍റെ പേരിലുള്ള ജ്ഞാനപ്പാന പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് അതിനെതിരായി ഭക്തജനപ്രതിഷേധം വ്യാപകമായി ഉയരേണ്ടുന്ന സ്ഥിതിവിശേഷം ഇക്കഴിഞ്ഞയാഴ്ച്ച കേരളത്തിലുണ്ടായി. നവസമൂഹമാധ്യമങ്ങളിലൂടെ വലിയ ആശയപ്രചരണങ്ങള്‍ നടന്നു. നിയമപരമായി പ്രശ്നത്തെ സമീപിക്കാനും ഈ പുരസ്കാരം നല്‍കുന്നതിനു തടയിടാനും പലരും മുന്നോട്ടുവന്നു. ബഹു. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരി 28ന് ഗുരുവായൂരില്‍വെച്ച് പുരസ്കാരം നല്‍കുന്നതു സ്റ്റേ ചെയ്തു. ഈ സന്ദര്‍ഭത്തില്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ നല്‍കപ്പെട്ട ഈ കൃതിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അവാര്‍ഡ് നല്‍കുന്നതിലെന്താണു തെറ്റ് എന്ന ചോദ്യം ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. മാത്രവുമല്ല, സാഹിത്യപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതി പുരസ്കാരാര്‍ഹമല്ലേ എന്നുതുടങ്ങിയ ചോദ്യങ്ങളും ഉണ്ടാവുന്നുണ്ട്. ശ്യാമമാധവം എന്ന കൃതി രചനാസൗഷ്ഠവത്താലും ഭാവനാവിലാസത്താലും വര്‍ണനാവൈവിധ്യത്താലുമൊക്കെ ഉന്നതകവിത്വഗുണയുക്തമായ ഒരു സാഹിത്യകൃതിയാണെന്നതില്‍ സംശയമില്ല. എന്നാല്‍, ശ്രീകൃഷ്ണഭക്തډാര്‍, പൂര്‍ണപുരുഷോത്തമനായും പൂര്‍ണപുണ്യാവതാരമായും ഭഗവാനെ കണ്ടുപാസിക്കുന്നവര്‍, സമര്‍പ്പിക്കുന്ന പണമുപയോഗിച്ച് ആദ്യന്തം ഭഗവദ്വിഗ്രഹഭഞ്ജനം നടത്തപ്പെട്ട ഒരു കൃതിക്കു ഭക്തോത്തമനായ പൂന്താനത്തിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കരുത് എന്നതില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാന്‍ തരമില്ല. മുമ്പ് 'ശ്യാമമാധവം' എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ട് ഏറെ താമസിയാതെ തന്നെ 'ശ്യാമമാധവത്തിലെ തമോഗര്‍ത്തങ്ങള്‍' എന്ന വിമര്‍ശനാത്മകമായ നിരൂപണകൃതി ശ്രീ. ഒ.രാജേഷ് എഴുതുകയുണ്ടായി. അതന്നു വായിച്ചിരുന്നു. 'ശ്യാമമാധവം' എന്ന കാവ്യം ഈയടുത്ത കാലത്ത് സശ്രദ്ധം വായിച്ചു. കവനരീതിയെയും ഭാവനാസമ്പന്നതയെയും അഭിനന്ദിച്ചുകൊണ്ടുതന്നെ ഒരുപ്രകാരത്തിലും പ്രതിപാദ്യത്തെ അംഗീകരിക്കാനും അനുമോദിക്കാനുമാവാത്ത അവസ്ഥയിലാണ് ഈ കുറിപ്പെഴുതുന്നത്. ശ്രീകൃഷ്ണഭഗവാന്‍റെ ചരിതം വ്യാസഭഗവാനാല്‍ ശ്രീമദ്ഭാഗവതാദിപുരണാങ്ങളിലൂടെയും മഹാഭാരതേതിഹാസത്തിലൂടെയും നമുക്ക് ഉപലഭിച്ചതും സഹസ്രാബ്ദങ്ങളായി ഭാരതീയമനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതുമാണ്. അനേകകവികളുടെയും മറ്റു സാഹിത്യകാരډാരുടെയും കൃതികളിലൂടെയും കാവ്യ-നൃത്ത-സംഗീത-നാടകാദിരൂപങ്ങളിലൂടെയും തലമുറകള്‍ കാത്തുസൂക്ഷിച്ചു കൈമാറിയ കഥാകഥനങ്ങളിലൂടെയും ഒക്കെ നമ്മുടെ സമൂഹമനസ്സില്‍ ആഴത്തില്‍ വേരോടിയതും സമൂഹഘടനയെത്തന്നെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചതുമാണ് ശ്രീകൃഷ്ണനും കൃഷ്ണാവബോധവും. ശ്രീകൃഷ്ണമഹാവിഗ്രഹം ആയിരക്കണക്കിനു സംവത്സരങ്ങളായി പതിനായിരക്കണക്കിനു ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ജനലക്ഷങ്ങളാല്‍ നാമജപ-മന്ത്രജപാദികളിലൂടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട് ആരാധിക്കപ്പെട്ടും വരുന്നു. അത് ആര്‍ക്കും യഥേഷ്ടം മാറ്റിമറിക്കാന്‍ കഴിയുന്ന കേവലമായ ഒരു കഥാപാത്രമല്ല. അങ്ങനെയുള്ള ശ്രീകൃഷ്ണബിംബത്തെ തകര്‍ക്കാനുള്ള കവിയുടെ പരിശ്രമം ഭക്തജനങ്ങള്‍ക്ക് ഒരുപ്രകാരവും നോക്കിനിന്നനുമോദിക്കാന്‍ കഴിയില്ല. വിഗ്രഹഭഞ്ജനമെന്ന ആരോപണം സമൂഹത്തില്‍നിന്ന് ഉയരുന്നതിനുമുമ്പുതന്നെ, കൃതിയുടെ അവതാരികയില്‍ 'വിഗ്രഹഭഞ്ജനത്തിനുള്ള മനഃപൂര്‍വമായ ശ്രമമൊന്നുമില്ല' എന്ന് ശ്രീ. ഒ.എന്‍.വിയെക്കൊണ്ട് എഴുതിച്ച ചേതോവികാരമെന്തായിരിക്കാം എന്ന് സ്വയം ചോദ്യമുതിര്‍ക്കാനല്ലാതെ അതിന്നതായിരിക്കാമെന്നുള്ള സ്വകല്പനയെ ഒ.എന്‍.വി. എന്ന മഹാകവിയിലേക്ക് അധ്യാരോപിക്കാനുള്ള അരുതാത്ത വൃഥാവ്യായാമം നാമിവിടെ ചെയ്യുന്നില്ല. പതിനഞ്ച് സര്‍ഗസമാനമായ ലഘുകാവ്യങ്ങള്‍ ചേര്‍ന്ന ഖണ്ഡകാവ്യത്തില്‍ ആദ്യവസാനം കൃഷ്ണനെ പരാജിതനും പശ്ചാത്താപവിവശനും കുറ്റബോധപീഡിതനുമായാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഏതു പ്രതിസന്ധിയിലും ധര്‍മബോധവും വീര്യവും പുഞ്ചിരിയും കൈവിടാത്ത വ്യാസകൃതമായ ശ്രീകൃഷ്ണവ്യക്തിത്വത്തിനു നേരെ എതിരാണ് ഇത്. വേടന്‍റെ അമ്പേറ്റ് ശരീരമുപേക്ഷിക്കാന്‍ സമയമെടുത്ത ശ്രീകൃഷ്ണന്‍റെ ചേതോമുകുരത്തില്‍ കര്‍ണനും ജയദ്രഥനും ഗാന്ധാരിയും അര്‍ജുനനും ധര്‍മപുത്രരും രാധയും അശ്വത്ഥാമാവും ധൃതരാഷ്ട്രരും രുഗ്മിണിയും പാഞ്ചാലിയും ഒക്കെ വന്നുതെളിഞ്ഞുനിറയുന്നതും ഓരോരുത്തരുടെയും മുമ്പില്‍ താന്‍ ചെയ്തതും ചെയ്യിച്ചതുമായ അരുതായ്കകളുടെ തീക്ഷ്ണസ്മൃതികളാല്‍ തുളയ്ക്കപ്പെട്ട ശ്രീകൃഷ്ണമാനസം നീറിപ്പുകയുന്നതുമാണ് ശ്യാമമാധവത്തിന്‍റെ പ്രതിപാദ്യം. ഒരിക്കലും പതറാത്ത വ്യാസന്‍റെ കൃഷ്ണനെ കൃപണനായി വരയ്ക്കാന്‍ ശ്രമിച്ചതിലൂടെ കവിയുടെ പ്രഭയാണ് മങ്ങുന്നതെന്നു കൃതിയിലൂടെ സശ്രദ്ധം ചരിച്ചാല്‍ സുവ്യക്തമാകും. കവി സ്വദൃഷ്ടിയില്‍ വികലമായി കണ്ട കൃഷ്ണഭാവവൈകൃതത്തെ കൃഷ്ണന്‍റെ പരിദേവനങ്ങളായും പശ്ചാത്താപവിവശനായ കൃഷ്ണന്‍റെ വീണ്ടുവിചാരങ്ങളും ഭൂതകാലസ്മരണകളുമായും രേഖപ്പെടുത്തുന്ന കവി, തന്‍റെ വിലക്ഷണവീക്ഷണങ്ങളെ ശ്രീകൃഷ്ണചിന്തകളായി അധ്യാരോപിക്കാന്‍ പരിശ്രമിക്കുന്നത് ഏറെ ലാഘവമായതും സാഹസവുമെന്നേ പറയാനാവൂ. കൃഷ്ണായനത്തിലാണ് ആരംഭം. ആനന്ദചന്ദ്രസമാനാനനമോ ശൈശവമോഹനലീലകളോ ഗോപീജനവല്ലഭത്വമോ പാര്‍ഥസാരഥീമഹത്വമോ വേണുഗോപാലമുരളീരവാനന്ദമോ രാധാകൃഷ്ണലീലാവിലാസമോ ഗോപീജനാനന്ദമോ കാണാനാകാത്ത കവിയെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍, 'എന്നാലുണ്ടൊരു കൃഷ്ണരൂപമകമേ- യെല്ലായ്പ്പോഴും കണ്ണട- ച്ചെന്നാല്‍ വന്നു തുളുമ്പുമശ്രു- കണമെന്നോണം തിളങ്ങുന്നതായ്. കാണെക്കാണെയെരിഞ്ഞെരിഞ്ഞു കനലായ്- ത്തീരുന്ന ദുഃഖങ്ങളാല്‍ കാലം തീര്‍ത്തൊരു കൃഷ്ണന്‍ ഈ വനമഹാഗര്‍ഭത്തിലേകാകിയായ്' നില്‍ക്കുന്നതു മാത്രം കാണാന്‍ കഴിഞ്ഞ കവിയുടെ ദര്‍ശനദോഷം സജ്ജനസമൂഹം അതേപോലെ എറ്റെടുക്കണമെന്നും എങ്കിലേ കവിതയെ യഥാതഥമായി ആസ്വദിക്കാനാവൂ എന്നുമുള്ള *ബാക്കിപത്രങ്ങള്‍ അവിവേകപൂര്‍ണങ്ങളെന്നേ പറയാവൂ. കൃഷ്ണായനത്തില്‍ നിന്നെത്തേണ്ടത് 'ദ്വാരകാവര്‍ത്ത'ത്തിലാണ്. 'എല്ലാം കഴിഞ്ഞു യുഗധര്‍മപരീക്ഷ തീര്‍ന്ന'ശേഷം വനത്തിലൊരുവേള തപിച്ചിരിക്കുന്ന കൃഷ്ണന്‍. ഏതോ നിഷാദനറിയാതെ തൊടുത്ത കണ കാലില്‍ തുളച്ചുകയറുന്നു. കഴലിടറി, മിഴിയുഴറി, ചിത്തഭ്രമച്ചുഴലിമധ്യേ കൃഷ്ണന്‍ കറങ്ങുന്നു, വേടനും മുമ്പിലെത്തുന്നു. ബാന്ധവരേവരും നശിക്കുന്ന ആന്തരികദര്‍ശനം നേടുന്ന കൃഷ്ണന്‍ കവിമനസ്സില്‍ ദുഃഖിതനും വിവശനുമാകുന്നു. കവിയുടെ കൃഷ്ണന്‍ കരയുന്നു. കരഞ്ഞില്ലെന്നാകിലും ദുര്‍ബലന്‍ തന്നെ. അതാണല്ലോ 'ഒക്കെയും കാണ്‍കയാല്‍ കൃഷ്ണ നിന്‍റെ കണ്‍കള്‍ നിറഞ്ഞുവോ? അല്ലെങ്കിലുള്‍ക്കനല്‍ച്ചൂടാല്‍ കണ്ണുനീരും വരണ്ടുവോ?' എന്ന ചോദ്യം കവിയുതിര്‍ക്കുന്നത്? ഭാരതീയരുടെ ആനന്ദകൃഷ്ണന്‍ കവിയുടെ കണ്ണില്‍ ദുഃഖിതനാണ്. ആ ദൃഷ്ടിയില്ലാത്ത, ഭാരതീയമായ ദൃഷ്ടി സൂക്ഷിച്ച് ആനന്ദക്കണ്ണനെ കാണുന്നവര്‍ പരിഹാസ്യരുമത്രെ! 'അപ്പൊഴും നിന്നെയാനന്ദ രൂപനെന്നെന്തു വാഴ്ത്തുവാന്‍? കാണ്‍മതെന്തായതിന്‍ ഭാവം കാണുവോര്‍ നിര്‍ണയിക്കയോ?' 'കാണ്‍മതാനന്ദമെന്നാവാം തോന്നലന്നേരമൊക്കെയും! അഥവാ കണ്ടു കണ്ണീരെ- ന്നാലതാനന്ദ ബാഷ്പമാം! പുളയും നൊമ്പരം കണ്ടാ- ലതും പുളകരാജിയാം!' അതുകൊണ്ടുതന്നെ ആനന്ദാനുഭവവുമില്ല, ആനന്ദകൃഷ്ണനുമില്ല. ഏവരും ദുഃഖിതനായ കൃഷ്ണന്‍റെ ചിത്രം സനാതനമായ കൃഷ്ണബിംബത്തിന്‍റെ സ്ഥാനത്തു വെച്ചുകൊള്ളണം. പോരേ വിഗ്രഹഭഞ്ജനം! മൂന്നാമതു വിഷാദപര്‍വം. നെഞ്ചില്‍ വിസ്ഫോടനത്തെയുണ്ടാക്കുന്ന വിഷാദമാണ് ഇവിടുത്തെ അനുഭവം. എന്നിരിക്കെ, 'ആനന്ദമൂര്‍ത്തി ഹരിയെന്നു മനുഷ്യരെല്ലാം വാഴ്ത്തുന്നതായറിവു ദുഃഖഹരത്വലക്ഷ്യം നേടുന്നതിന്നവര്‍ ഭജിപ്പു നിതാന്തമെന്നാ- ലാരെങ്ങറിഞ്ഞൂ തവ ദുഃഖമതിന്‍റെയാഴം!' എന്ന് കൃഷ്ണനില്‍ സ്വകല്പനയാല്‍ ആഴമേറിയ ദുഃഖം നിറയ്ക്കാന്‍ വെമ്പുന്ന കവി വിചാരണ ചെയ്തു വിധിയും കല്പിക്കുന്ന ദൗര്‍ഭാഗ്യമാണ് തുടര്‍ന്ന്. 'എന്നൊക്കെയോ വഴിപിഴച്ചു മിതോഷ്ണശൈത്യം നന്നായ്പുലര്‍ത്തി മരുവേണ്ട മനസ്സു സത്യം- കൊള്ളേണ്ടനേരമതുവിട്ടു ചിലപ്പൊഴെല്ലാം എങ്ങൊക്കെയോ നിഴലുതേടിയലഞ്ഞു കഷ്ടം!' കഷ്ടം! ജീവിതനശ്വരതയുടെയും പുനര്‍ജډസിദ്ധാന്തത്തിന്‍റെയുമെല്ലാം മേഖലകളിലൂടെ ചരിച്ച് കവി ഒടുവില്‍ കൃഷ്ണനിലെത്തുമ്പോള്‍, കൃഷ്ണന്‍ പശ്ചാത്താപവിവശനാണ്. 'ഇന്നീ വെളിച്ചമകമേ തെളിയുന്നു; ജീവന്‍ മങ്ങിക്കെടുന്നതറിയുന്നതിനൊട്ടു മുന്നം ഇല്ലാതിരുത്തുവതിനിങ്ങൊരു മാത്രപോലും ചൊല്ലാവതല്ലിതു വരുത്തിടുമാത്മദുഃഖം!' പൂര്‍ണപുരുഷോത്തമനും ആനന്ദചിډയനുമായി കാണുന്ന ഭക്തസമൂഹത്തിനു മുമ്പില്‍ ഈ ദൈന്യതയുടെ മൂര്‍ത്തിയെ കാണിച്ചയാള്‍ക്കുതന്നെ വേണോ കൃഷ്ണന്‍റെ പണം സമ്മാനമായി നല്‍കാന്‍?! നാലാമതു 'കര്‍ണാതപ'മാണ്. യോഗേശ്വരനു ധ്യാനം പോലും വശമില്ല! അതിനാല്‍ ധ്യാനസ്ഥന്‍റെ മനസ്സിലും രൂപങ്ങള്‍ വരികയായി. ആദ്യം രാധേയന്‍! ഇരുവരും മൗനം പാലിക്കുന്നുവെങ്കിലും പശ്ചാത്താപം കൃഷ്ണനില്‍ കണ്ണീര്‍പ്രവാഹം സൃഷ്ടിക്കുന്നുവത്രേ! 'എന്നാലാരാരുമോരാതവനിലൊരു കനല്‍- ച്ചെമ്പില്‍ നിന്നെന്നവണ്ണം തള്ളിത്തൂവുന്ന കണ്ണീര്‍ തുടരെയൊഴുകിയോ കര്‍ണ; നിന്‍ നേര്‍ക്കമന്ദം' എന്നു പറയുന്ന കവി മഹാഭാരതത്തിലെ കൃഷ്ണോക്തികള്‍ക്കും കൃഷ്ണഭാവത്തിനും നേര്‍വിരുദ്ധമായ കൃപണഭാവമാണ്, സ്വമനസ്സിന്‍റെ കല്പനാവൈകൃതമാണ്, കൃഷ്ണനില്‍ അധ്യാരോപിക്കുന്നത്. കര്‍ണന്‍റെ പൂര്‍വജീവിതകഥനത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന കവി, പക്ഷേ തിരിച്ചു കണ്ണനിലെത്തുമ്പോള്‍ അധ്യാരോപണനിപുണനാവുന്നു. അതുകൊണ്ട് കൃഷ്ണനെക്കൊണ്ടു പറയിക്കുന്നു: 'അറിയും സത്യമപ്പാടെ അസത്യത്തിന്‍ വിഷാബ്ധിയില്‍ അമര്‍ത്തിവെച്ചു; സ്വാര്‍ഥത്താ-ലധര്‍മത്തെ വരിച്ചു ഞാന്‍!' 'വിവേകം വിട്ടു ധര്‍മം വി- ട്ടധര്‍മത്തെ വരിക്കയാല്‍ അരുതാത്തവയാണന്നു സംഭവിച്ചതു സര്‍വവും! അതിന്‍റെ നേര്‍ഫലം താനീ വിധിയെന്നു നിനപ്പു ഞാന്‍; ദുരന്തമേതു വന്നെന്‍റെ മനസ്സില്‍ തട്ടിടുമ്പൊഴും!' ഇപ്രകാരം കൃഷ്ണനെക്കൊണ്ടു വിലപിപ്പിക്കുന്ന കവി ധര്‍മമൂര്‍ത്തിയായ കൃഷ്ണന്‍റെ യുക്തിഭദ്രങ്ങളായ വാദങ്ങളറിയാത്തവനല്ലെന്നും, വിഗ്രഹഭഞ്ജനം എന്ന ഒറ്റ ലക്ഷ്യത്താല്‍ പ്രചോദിതനായി എഴുതിക്കൂട്ടുന്നതാണെന്നും പൂര്‍വാപരനിരൂപണത്താല്‍ ബോധിക്കും. അത്രയുമല്ല, 'കര്‍ണാ നീ മാത്രമാണോര്‍ത്താല്‍ ധര്‍മമൂല്യപരായണന്‍ ധീരന്‍, സത്യപഥംവിട്ടു മാറാതെ നടകൊണ്ടവന്‍!' എന്നു കര്‍ണനെ പ്രശംസിച്ച കണ്ണന്‍, ' അറിയാമതിനാലല്ലോ ച്യുതനായ്ത്തീര്‍ന്നിതച്യുതന്‍! വീഴ്ത്തിനേന്‍ ചതിയില്‍, ജിഷ്ണു- വല്ല കൊന്നതു കൃഷ്ണനാം അതിനാല്‍ നിന്നെനോക്കാനു- മരുതാതുഴലുന്നു ഞാന്‍ കൃഷ്ണന്നു നഷ്ടമായ്ത്തീര്‍ന്ന മഹിമാവാകെ നിന്നിലായ്' എന്നു സ്വകപോലകല്പിതമായ, പ്രമാണവിരുദ്ധമായ കഥാസന്ദര്‍ഭമുണ്ടാക്കിയശേഷം കൃഷ്ണനെക്കൊണ്ട് പറയിക്കുംവിധമെഴുതിയത് എവ്വിധവും ദുരുദ്ദിഷ്ടപൂരിതം തന്നെ! അഞ്ചാമത്തെ 'ധര്‍മസംഗര'ത്തില്‍ ജയദ്രഥനെയാണ് കൃഷ്ണന്‍ കാണുന്നത്. ശ്രീകൃഷ്ണചരിതമുള്‍ക്കൊള്ളുന്ന പ്രാമാണികഗ്രന്ഥങ്ങളിലൊന്നുമില്ലാത്ത സമാഗമം കല്പിച്ച കവിമനസ്സ് കൃഷ്ണന്‍ സംഭ്രാന്തചിത്തനെന്നു കാണിപ്പാന്‍ 'കാണരുതേയിനിമേലെന്നു പ്രാര്‍ഥിച്ച രൂപമോരോന്നുമിങ്ങെന്തെത്തി നില്‍ക്കുവാന്‍! ഒക്കെയും തോന്നലാം മൃത്യുവിന്‍മുന്നമാ- യെത്തുന്ന സംഭ്രാന്തി തന്നെയാം; നേരുമാം!' എന്നു പറയുന്നതിലൂടെ സാമാന്യവ്യക്തിയായി കൃഷ്ണനെ താഴ്ത്തിക്കെട്ടാനുള്ള കവിയുടെ അഭിവാഞ്ഛ മറയ്ക്കാനാവാത്തവിധം മുഴയ്ക്കുന്നതു ശ്രദ്ധിക്കൂ. ജനിമൃതികള്‍ക്കുപരിയുള്ള നിയമനാധികാരമില്ലാത്ത സാമാന്യജീവനാണ് താനെന്ന് കൃഷ്ണനെക്കൊണ്ടു പറയിപ്പിക്കുന്ന, വിലപിപ്പിക്കുന്ന കവിവാക്യം നിഷ്പ്രയോജനമെങ്കിലും വിഗ്രഹഭഞ്ജനത്തിനല്ലാതെന്തിന്? നോക്കൂ, 'ആഗ്രഹമേറെയുണ്ടജ്ഞേയമാമതിന്‍ ആലക്തികപ്രഭാവൃത്തത്തിലെത്തുവാ- നിന്നെനിക്കെന്നാലറിയുന്നതുണ്ടു ഞാ- നില്ലവകാശം, മൃതിക്കുമേല്‍ വാഴ്വിനും!' -കവികല്പനയിലെ കൃഷ്ണന്‍റെ നിസ്സഹായത! തുടര്‍ന്നു നീതിശാസ്ത്രങ്ങള്‍ പൊറുക്കാത്ത തെറ്റുചെയ്ത തന്‍റെ മഹാപാപത്തെക്കുറിച്ചു വിലപിക്കുന്ന കൃഷ്ണന്‍, 'ഉള്ളാലുറച്ചു ഞാന്‍ ചെയ്തോരു തെറ്റിനോ- ടിന്നു ക്ഷമിക്കാനപേക്ഷിക്കയല്ല, നിന്‍- മുന്നിലാ തെറ്റേറ്റു ചൊല്‍ക യാണാത്മാവി- ലെന്നും അടങ്ങാത്ത വിങ്ങലില്‍ മുങ്ങി ഞാന്‍!' താന്‍ ചെയ്തുകൂട്ടിയ അപരാധങ്ങളെയും അധര്‍മപ്രവൃത്തികളെയും ഏറ്റുപറഞ്ഞുവിലപിക്കുന്നതായി സ്വകപോലകല്പന കൃഷ്ണനില്‍ അധ്യാരോപിക്കുന്നത് ബിംബഭഞ്ജനത്തിനല്ലാതെന്തിന്? അഥവാ ഇതിനൊക്കെ എന്താണാവോ പ്രാമാണികത? മാത്രവുമല്ല, ധര്‍മസമ്മൂഢനുമത്രേ കൃഷ്ണന്‍: 'ഇല്ലെനിക്കൊന്നിന്നുമുത്തരമാകയാല്‍ എന്നോടുതന്നെ ഞാന്‍ ചോദിക്കയാണിന്നി- തൊക്കെയും; ഉത്തരം ഉണ്ടായിരുന്നെങ്കി- ലുണ്ടാകുമായിരുന്നില്ല ചോദ്യങ്ങളും!' സകലപ്രശ്നങ്ങള്‍ക്കും ഉത്തരമേകുന്ന ജഗദ്ഗുരുവില്‍ സമ്മൂഢത കല്പിച്ച വിഗ്രഹധ്വംസനത്തിനോ ഭക്തകവിപുരസ്കാരം? ആറാമതു 'മാതൃവാക്യം' വരുന്നു. ഇവിടെ വരുന്നത് ഗാന്ധാരിയാണ്. താന്‍ പാപിയാണെന്ന് ഗാന്ധാരിക്കു മുന്നിലും കവി കൃഷ്ണനെക്കൊണ്ട് ഏറ്റുപറയിക്കുന്നു. 'ധന്യേ കൈക്കൊള്‍കയിന്നീയഗതിയെ ഹൃദയേ പാപിയാം പുത്രനായ് നീ!' താന്‍ ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറയുന്ന കവിയുടെ കൃഷ്ണന്‍ ഗാന്ധാരിയുടെ ശാപത്താല്‍ നീറിപ്പുകയുന്നവനാണ്. അരുതാത്തതു ചെയ്തുകൊണ്ട് ആ മാതാവിന്‍റെ മക്കളെയെല്ലാം കൊല്ലിച്ച പ്രവൃത്തിക്കുപിന്നില്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത, ചിന്തിക്കരുതാത്ത ദുഷ്ടതയെ ചേര്‍ത്ത്, കൃഷ്ണനെ സദാചാരവിരുദ്ധനാക്കി, പരസ്ത്രീതല്പരനാക്കിക്കൊണ്ടു പറയിക്കുന്ന കവിയുടെ നീചബുദ്ധി എത്രമാത്രം താഴാം? 'നീറും പകതന്നുമിത്തീയെരിഞ്ഞുയര്‍- ന്നീടും മനസ്സുമായ് നല്‍ക്കുന്ന കൃഷ്ണ തന്‍ കോപാന്ധമാം വാക്കിനായ്പോയ് വിവേകമുള്‍- ച്ചേരുന്ന ബോധത്തെളിച്ചത്തിലും വില! ഉറ്റചങ്ങാതിമാരാം പഞ്ചപാണ്ഡവര്‍ ചെറ്റുമറിയാതെ പാഞ്ചാലിയോടു ഞാന്‍ ഉള്ളത്തിലെന്നോ കുറിച്ചൊരു ബന്ധുര- ബന്ധമാവാമതിനുള്ളോരു കാരണം!' സ്വസഖാക്കളുടെ പത്നിയോട് അവിഹിതാനുരാഗം സൂക്ഷിക്കുന്നവനായി കൃഷ്ണനെ ചിത്രീകരിക്കുന്ന ചിത്രവധം ചെന്നെത്തുക കൃഷ്ണനിലോ, കവിമനസ്സിലോ? എന്നല്ല സ്വന്തം നൂറു മക്കള്‍ മുഴുവനും മരിച്ചതിനാല്‍ ദുഃഖിച്ച മാതാവിന്‍റെ കൊടിയ ശാപത്തിനുപിന്നിലും കൃഷ്ണന് കൃഷ്ണയോടുണ്ടായിരുന്ന അനുരാഗത്തെക്കുറിച്ചുള്ള അറിവാണെന്ന അസ്വീകാര്യമായ കവികല്പനയും ഭക്തജനങ്ങള്‍ ഹൃദയവിശാലതയാല്‍ വെച്ചുപൊറുപ്പിക്കണം! ഏഴാമത്തെ 'അനുഗീത' കൃഷ്ണനെ നിന്ദിക്കുന്നതില്‍നിന്നും ഭഗവദ്ഗീതയുടെ നിന്ദയായി മാറുമ്പോള്‍ സ്വബുദ്ധി നഷ്ടപ്പെടാത്തവര്‍ ഇതെന്തിങ്ങനെ എന്നു ചോദിക്കുകതന്നെ ചെയ്യും. കവിക്കു ഗീതോപദേശം വ്യര്‍ഥം തന്നെ. 'പാര്‍ഥന്നായരുളിപ്പകര്‍ന്നതഖിലം ഗീതാവിഹായസ്സുതന്‍ തീര്‍ഥം! പാരിലഭിജ്ഞരാകെയതിനെ കീര്‍ത്തിപ്പിതേ നിത്യവും! എന്നാല്‍ ഗീത നനച്ച മണ്ണിലൊരു നാ- ളെങ്ങാനുമേതെങ്കിലും സന്താപത്തിനു ശാന്തിയേകുമൊരുകൂ- മ്പെങ്ങാന്‍ പൊടിപ്പാര്‍ന്നുവോ?' ഇന്നുവരെ സന്താപത്തിനു ശാന്തിയേകുന്ന ഒരു കൂമ്പും ഗീതാതീര്‍ഥം നനച്ച മണ്ണിലുണ്ടായിട്ടില്ലത്രെ! ശങ്കരാചാര്യര്‍ മുതല്‍ ഇങ്ങോട്ടുള്ള ആചാര്യപരമ്പരയിലാരും ശാന്തിയെ പ്രാപിച്ചിട്ടില്ലത്രെ പോരെങ്കില്‍ സഹോദരങ്ങളെ പരസ്പരം കൊല്ലിക്കുന്നതത്രെ ഗീതോപദേശം: 'ഈ മിന്നും മൂര്‍ച്ചയിതൊന്നു മാത്രമിതിനു- ണ്ടിക്കാരണത്താലെ താ- നിന്നും പോര്‍ തുടരുന്നു ഭൂവില്‍ നിഭൃതം ഭ്രാതാക്കളും തങ്ങളില്‍.' അതെ; ഇന്നും സഹോദരര്‍ തമ്മില്‍ ലോകംമുഴുവനും പോരടിക്കുന്നത് ഗീതോപദേശം പഠിച്ചിട്ടാണത്രെ! ഈ കല്പനാചാതുരി ഇതരമതഗ്രന്ഥങ്ങളെ സംബന്ധിച്ചുകൂടി ഒന്നു പ്രയോഗിച്ചാല്‍ കാല്പനികനിലെ സത്യസന്ധത ലോകമറിഞ്ഞേനെ! അര്‍ജുനന്‍ ഉള്ളിലെ അമരക്കാരനെ കാണാനാവാതെ കൃഷ്ണനില്‍നിന്നു ഗീത ശ്രവിച്ചു. വിഭ്രാന്തിയില്‍ കഴിഞ്ഞെന്ന കാരണത്താല്‍ മാത്രമാണ് കൃഷ്ണനെ വിരാട്പുരുഷനായി ദര്‍ശിച്ചത്. 'അന്നു വിഭ്രാന്തിതന്‍ ആഴ- ക്കയത്തില്‍പ്പെട്ട കണ്‍കളാല്‍ നോക്കി നീ, അതിനാല്‍ മാത്രം വിരാട്പുരുഷനായി ഞാന്‍!' വിശ്വരൂപദര്‍ശനം ഭ്രാന്തി മാത്രമെന്ന ഭ്രാന്തകല്പനയ്ക്കുതന്നെ വേണം ജ്ഞാനപ്പാന പുരസ്കാരം! എന്നല്ല, ഗീത കേട്ടതിനാല്‍, ഗീതോപദേശത്തെ വിശ്വസിച്ചു സ്വീകരിച്ചതിനാല്‍, അര്‍ജുനനുണ്ടായതു ദീര്‍ഘസുഷുപ്തി മാത്രമാണത്രേ! ആരും പഠിക്കരുത് ഭഗവദ്ഗീതയെന്നു സ്പഷ്ടാര്‍ഥം. 'അതിനാലായിടാം ഗീതാ- തീര്‍ഥമുള്ളില്‍ത്തളിച്ചതായ് അറിയാതിത്ര കാലം നിന്‍ മനം സുപ്തിയിലാണ്ടതും!' എന്നല്ല, കഴിഞ്ഞുപോയ ചരിതങ്ങളെല്ലാം ഓര്‍മിപ്പിച്ചാല്‍ പിന്നെ അര്‍ജുനനു കൃഷ്ണനില്‍ ഒരു സൗഹൃദവും ശേഷിക്കില്ലെന്ന മൂഢകല്പനയെ ചെയ്യുന്ന കവി കൃഷ്ണാര്‍ജുനസൗഹൃദത്തിന്‍റെ വാസ്തവികത മറന്നുപോയി. എന്നു മാത്രമല്ല കൃഷ്ണന്‍ അര്‍ജുനനു നല്‍കിയ ഉപദേശം നിരര്‍ഥകവും ദുഷ്ടവുമെന്നു വാചാലനാവുന്ന കവിയുടെ ശീര്‍ഷാസനസ്ഥമായ മനസ്സില്‍ ഭ്രമിതചിത്തനായ അര്‍ജുനന്‍റെ വാക്യങ്ങളാണ് ശരിയായ ഗീത. അര്‍ജുനസംശയവാക്യങ്ങള്‍- അറിയാം അതിലില്ലാത്ത ഗീത മറ്റെങ്ങു കാണുവാന്‍? അര്‍ജുനന്‍ കൃഷ്ണനോടന്നു ചൊല്ലിയെന്തതു ഗീതയാം: ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച കിം നോ രാജ്യേന ഗോവിന്ദ! കിം ഭോഗൈര്‍ജീവിതേന വാ?' ഇതില്‍പ്പരം കൃഷ്ണനിന്ദ സങ്കല്പിക്കുവതെങ്ങനെ? തുടര്‍ന്ന് ആസന്നമൃത്യുവായ കൃഷ്ണന്‍ തന്‍റെ മുന്നില്‍ സ്വജനസംബന്ധിബാന്ധവരെ കണ്ടു ശോകമോഹസന്തപ്തനായി, ഗീതോപദേശശ്രവണത്തിനുമുമ്പുള്ള അര്‍ജുനന്‍റെ അവസ്ഥയിലെത്തിയതുകൂടി ചിത്രീകരിച്ചപ്പോള്‍ ഭഗവന്നിന്ദയും പൂര്‍ണമായി! ആ ഭാഗത്തുള്ള കവിയുടെ തത്ത്വചിന്താപ്രലപനം ഗീതയിലെ ഒന്നാമധ്യായത്തിലെ അര്‍ജുനന്‍റെ തത്ത്വചിന്താപ്രസംഗം തന്നെയാകയാല്‍ കശ്മലവും അനാര്യജുഷ്ടവും ക്ലൈബ്യവും അകീര്‍ത്തികരവും തന്നെ! എട്ടാമതു വരുന്നത് ധര്‍മദുഃഖം. കുറ്റബോധവും കൃഷ്ണനിന്ദയും എല്ലാം ചേര്‍ന്ന ഭാവത്തോടെ ധര്‍മപുത്രര്‍ വന്ന് കൃഷ്ണന്‍ തങ്ങളെ എല്ലാവിധത്തിലും വഞ്ചിച്ചതും യുദ്ധോത്സുകരാക്കിയതും വര്‍ണിച്ച് അധികാരചിഹ്നങ്ങളഴിക്കുന്ന കല്പനയും കൃഷ്ണനിന്ദാര്‍ഥം മാത്രം. 'പൊള്ളും കള്ളമതാക്കി നാവില്‍ വിളയി- ച്ചെന്‍പാത തെറ്റിച്ചു നീ' എന്ന് ധര്‍മപുത്രര്‍ കൃഷ്ണനെ കുറ്റപ്പെടുത്തുന്നതു കേവലം കവിമാനസത്തിന്‍റെ വൈകൃതമല്ലാതെന്ത്? ഒമ്പതാമത്തേതു രാധികാദണ്ഡകമാണ്. ഹൃദ്യസുന്ദരമായ വര്‍ണനകളിലൂടെ രാധികയുടെ പ്രേമാര്‍പ്പണഭാവങ്ങളെ വരച്ചുകാണിച്ച കവിയുടെ ലക്ഷ്യം കൃഷ്ണനിന്ദ തന്നെയല്ലേ ആകാവൂ? അതുകൊണ്ട് രാധയുടെ പരിശുദ്ധപ്രേമവും അര്‍പ്പണവും ഏകാത്മകതയും വര്‍ണിച്ച ശേഷം, 'അകമേ ജീവനെന്നോണം കലര്‍ന്നെന്നും പുലര്‍ത്തിയോള്‍ അവളെ കൈവെടിഞ്ഞെന്തു നേടീ ശ്രീകൃഷണനോര്‍ക്കുകില്‍.' എന്നു പറഞ്ഞുപോകുന്നു കവി. പത്താമത്തേതു 'രാധാമാധവം'. മരണാസന്നനായ കൃഷ്ണനു മുന്നില്‍ പിന്നെ വരുന്നതു രാധയത്രേ. രാധയോടു ക്ഷമായാചനം നടത്താന്‍ കൊതിച്ചിരിക്കുകയായിരുന്നത്രേ കവി കണ്ട കണ്ണന്‍! 'അതിന്നു മുന്നമേ നിന്നെ- ക്കാണുവാനായ് തപിച്ചു ഞാന്‍ ക്ഷമിക്കവേണമെന്നോടെ- ന്നൊന്നു ചൊല്ലാനുഴന്നു ഞാന്‍.' എന്നല്ല, സംഭവിച്ച തെറ്റുകളേറ്റുപറഞ്ഞ കവിയുടെ കൃഷ്ണന്‍ 'ദുര്‍ബലാത്മാവായ്' പോയതാണെന്നും അറിയുക. ധര്‍മശാസ്ത്രങ്ങളും യുക്തിചിന്തയും ന്യായവാദവും ഒന്നും തുണചെയ്യാതെ പരാജിതനായി രാധയുടെ മുമ്പില്‍ നില്‍ക്കുന്നവനായിത്തീരുകയാണ് കൃഷ്ണന്‍! ചോദ്യശരങ്ങളേറ്റു തളര്‍ന്ന് ഉഴറുന്ന കൃഷ്ണന്‍റെ ഗീതങ്ങള്‍ കവിയുടെ കല്പനയില്‍ അനാഥമായി അലയുകതന്നെ ചെയ്യും. 'എങ്കിലും ചെയ്ത തെറ്റിന്നു പിഴയായ് സര്‍വകാലവും അനാഥമായലഞ്ഞീടും എന്‍റെയീണമിതെപ്പൊഴും.' ഇത്ര ത്തോളം കൃഷ്ണനെ ലഘുവാക്കുന്ന കവി മഹാഭാരതത്തിലോ, ഭാഗവതത്തിലോ, രാധയെ കണ്ടതെവിടെയാണ്? അല്ല, ഇതരപുരാണങ്ങളിലെങ്കില്‍ അവിടുത്തെ കൃഷ്ണഭാവത്തെ മാറ്റാനായതെങ്ങനെ? പതിനൊന്നാമത്തേത് ആരണ്യകൃഷ്ണന്‍. വിഭ്രാന്തചിത്തനായലയുന്ന അശ്വത്ഥാമാവിനെ കാണുന്ന കൃഷ്ണന്‍ 'കരിനാഗംപോലെ പുളഞ്ഞു'. 'തുടര്‍ന്നു നോക്കുവാനാവാ- തല്ലി കൃഷ്ണന്‍റെ കണ്ണുകള്‍ തളര്‍ന്നു താഴ്ന്നുപോവുന്നൂ കനലില്‍ തൊട്ട വള്ളിപോല്‍.' അങ്ങനെ നിസ്സഹായനും ദീനനുമായ കൃഷ്ണന്‍ അശ്വത്ഥാമാവിന്‍റെ ശിരോരത്നമെടുക്കാനുള്ള പൂര്‍വകല്പനയെ ഭ്രാന്തെന്നു തിരിച്ചറിയുകയാണ്. എന്നല്ല, കൃഷ്ണനും ഭ്രാന്തനാണെന്നറിഞ്ഞ അശ്വത്ഥാമാവ് പിന്‍തിരിയുകയുമാണ്. 'അവനെക്കീഴടക്കീടാന്‍ ശിരോരത്നമെടുക്കുവാന്‍ പറഞ്ഞതെന്തിനായ് ചിത്തഭ്രമമില്ലായ്കിലന്നു ഞാന്‍! ഇവ്വിധം പലതും ചിന്തിച്ചുഴറും യദുനാഥനെ ഭ്രാന്തനായ്ക്കണ്ടു പിന്‍വാങ്ങിപ്പോകയായ് ദ്രോണനന്ദനന്‍!' പന്ത്രണ്ടാമതു ജ്ഞാനകൃഷ്ണനാണ്. ഗോക്കള്‍ പേടിക്കുന്ന കൃഷ്ണന്‍! പേടമാനുകള്‍ ഭയക്കുന്ന കൃഷ്ണന്‍. കടമ്പുകള്‍ പോലും കണ്ണനെക്കണ്ട് ഇതള്‍ പൂട്ടുന്നു. അങ്ങനെ കവിയാല്‍ അകൃഷ്ണനാക്കപ്പെട്ട കൃഷ്ണന്‍ ധൃതരാഷ്ട്രരുമായി സന്ധിക്കുന്നു. വനവാസോദ്യുക്തനായ ധൃതരാഷ്ട്രര്‍, അന്ധനെങ്കിലും കൃഷ്ണനെ കാണുന്നു. പ്രജ്ഞാബലമാര്‍ന്ന ധൃതരാഷ്ട്രര്‍, പകവളര്‍ത്തി യുദ്ധം ചെയ്യിച്ച, മക്കളെയെല്ലാം കൊല്ലിച്ച കൃഷ്ണനെ കാണുകയാണ്. 'ജയവും തോല്‍വിയും ഭൂവില്‍ സമാനം സര്‍വകാലവും' എന്ന് അദ്ദേഹം കൃഷ്ണനോട് ഉപദേശിക്കുന്നു! പതിമൂന്നാമത്തേതു ഛായാകൃഷ്ണന്‍. ഒരിക്കലും രുഗ്മിണിയുടെ മനസ്സറിഞ്ഞു സ്നേഹിക്കാത്തവനാണ് ഇവിടെ കൃഷ്ണന്‍. സര്‍വായുധവിശാരദയും പണ്ഡിതയുമായ രുഗ്മിണിക്കു പക്ഷേ, കൃഷ്ണന്‍ നല്‍കിയതു പുരഭിത്തിക്കുള്‍വശം മാത്രം! 'അവള്‍ക്കു ചക്രവാളം തല്‍- പുരഭിത്തികള്‍ തന്നെയായ്' എന്നല്ല, 'അവളാരു തനിക്കെന്നതറിഞ്ഞീലിത്രകാലവും' എന്നുകൂടി വന്നാലോ? എല്ലാ വ്യക്തികളും ഔന്നത്യത്തെ പ്രാപിച്ചിരിക്കുമ്പോഴും കൃഷ്ണനെന്തേ അധഃസ്ഥിതനായിരിക്കുന്നു? ഇത്രയും വേണോ കൃഷ്ണവിഗ്രഹഭഞ്ജനം? പതിനാലാമത്തേത് അനന്തകൃഷ്ണനാണ്. ഇവിടെ വരുന്നത് പാഞ്ചാലിയാണ്. കൃഷ്ണനെ പ്രേമിച്ച പാഞ്ചാലി. വൈപരീത്യത്താല്‍ പഞ്ചപാണ്ഡവരെ വരിക്കേണ്ടിവന്ന പാഞ്ചാലി. എന്നിട്ടും അവളെ സ്വതന്ത്രയാക്കി വിട്ടില്ല, കവിയുടെ കൃഷ്ണന്‍! കഷ്ടം! 'എന്‍റെ ജീവിതമെന്‍റേതായ്ത്തീരുവാന്‍ വിട്ടിടാതെ നീ അതിനെത്തനതിഷ്ടത്തിന്‍ വഴിക്കെന്തേയൊഴുക്കുവാന്‍? പാര്‍ഥന്‍റെ തേര്‍ തെളിച്ചപ്പോള്‍ അവന്‍റെ മനമായി നീ എന്‍റെ വാഴ്വു നയിച്ചപ്പോള്‍ കണ്ടതില്ലെന്‍ മനസ്സു നീ!' എന്നു വിലപിക്കുന്ന പാഞ്ചാലിയുടെ വാക്കിലെ കൂരമ്പിന്‍റെ താല്പര്യം കവിയുടെ ഹീനദൃഷ്ടിയിലൂടെയല്ലാതെ ഏതു പ്രാമാണികതയിലൂടെ കാണാനാവും? എന്നു മാത്രമല്ല, അഞ്ചുപേരെ നയിക്കേണ്ടുന്ന പാഞ്ചാലിയുടെ ദുഃസ്ഥിതിയിലും കൃഷ്ണന്‍ ആ ജീവിതഗതിയെ കളങ്കപ്പെടുത്താന്‍ വന്നുവത്രെ! 'അഞ്ചുപേര്‍; അതില്‍ പാര്‍ഥ ന്നായിരുന്നെന്നിലുള്‍പ്രിയം അതു നീയറികെ കൃഷ്ണാ വന്നു നീ നിന്‍റെ തന്ത്രവും! അല്ലായ്കിലെന്തിനായ് സ്വന്തം സഹോദരി സുഭദ്രയെ- ക്കൊണ്ടു വേള്‍പ്പിച്ചു നീ എന്നി- ലുള്‍പ്രിയം ചേര്‍ന്ന പാര്‍ഥനെ?' നോക്കൂ, ഇവിടെയും കൃഷ്ണനെ കുറ്റവിചാരണ ചെയ്യാനുള്ള കവിയുടെ സ്വകപോലകല്പനാവൈഭവം! പതിനഞ്ചാമത്തേതാണ് 'ശ്യാമമാധവം'. പതിനാലിലൂടെ കണ്ട കൃഷ്ണഭാവങ്ങളുടെ മുഴുവന്‍ സമാവാഹനമായി ജډം മുതല്‍ ഒടുക്കംവരെയുള്ള കൃഷ്ണജീവിതത്തിലെ ക്ലേശചിത്രങ്ങളെ വരയ്ക്കുന്ന കവി കൃഷ്ണന്‍ ആനന്ദചിത്തനല്ലെന്നുതന്നെ ശഠിക്കുന്നു. 'എപ്പോഴും പുറമേ നീ നടിച്ചു അതു സത്യമോര്‍ക്കിലറിയാതകം- കത്തിനിന്നിതതിതീവ്രമായ് അറിവ- താരു നിന്‍റെ ഘനമൂകത?' എന്നല്ല അവിടെ ബാല്യം മുതല്‍ ചെയ്ത എല്ലാ ചെയ്തികളെയും കുറ്റവിചാരണ ചെയ്തു കൃഷ്ണനില്‍ ദോഷം കാണാന്‍ വെമ്പുകയും ചെയ്യുന്നു. ഇവ്വിധം ശ്രീകൃഷ്ണഭഗവാന്‍റെ സങ്കല്പത്തെ തീര്‍ത്തും വികലമാക്കി അവതരിപ്പിക്കുന്ന കൃതി സാഹിത്യഭംഗിയാല്‍ ഉത്തുംഗമെങ്കിലും കൃഷ്ണനിന്ദയാല്‍ സമ്പൂര്‍ണം. ഇതിനുവേണോ ഭക്തകവിയുടെ പേരിലുള്ള പുരസ്കാരം? ഒന്നറിയുക, നമ്മുടെ കൃഷ്ണന്‍ പരാജിതനല്ല, കൃപണനല്ല. കൃപണരായ സകലരെയും ഗീതോപദേശത്താല്‍ ഉണര്‍ത്തുന്നവനാണ്, മുക്തിസുധാരസത്തിലേക്ക് ഉയര്‍ത്തുന്നവനാണ്. ആ കൃഷ്ണനെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നിന്ദ്യനും പാപിയും കൃപണനും അധര്‍മിയും ചതിയനും ഒക്കെയായി ചിത്രീകരിക്കുന്നവരുടെ ധാര്‍ഷ്ട്യത്തെ ആദരിക്കേണമോ, അതും ഭക്തകവിയായ പൂന്താനത്തിന്‍റെ പേരില്‍? ജ്ഞാനപ്പാനയുടെ പേരില്‍? ഗുരുവായൂരപ്പന്‍റെ ഭക്തരുടെ പണത്താല്‍? ചിന്തിക്കുക. 'ച്യുതനായ അച്യുതന്‍' എന്ന കല്പന കവിക്കു ചെയ്യാനായത് അച്യുതന്‍ ഹൈന്ദവരുടെ പൂജാബിംബമായതുകൊണ്ടുമാത്രമാണ്. കവിമനസ്സെന്തേ മതാന്തരങ്ങളുടെ പൂജ്യബിംബങ്ങളില്‍ വ്യാപരിക്കാത്തത്? അജ്ഞാനത്താലോ ഭയത്താലോ? ഒന്നു മാത്രം പറയട്ടെ, ആചാരപ്രഭവോ ധര്‍മ ധര്‍മസ്യ പ്രഭുരച്യുത: ഭഗവാന്‍ എന്നുമെന്നും അച്യുതനാണ്. അവനെ ച്യുതനാക്കാന്‍ അല്പകാലീനപ്രഭകള്‍ക്കാവതല്ല. * ശ്യാമമാധവത്തിനുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷം അനുവാചകന്‍റെ കണ്ണടയുടെ ദോഷത്തെക്കുറിച്ചു കവി ഫേസ്ബുക്കില്‍ കുറിച്ചത് ഓര്‍ക്കുക. ?