ജനങ്ങളെ രണ്ടു തട്ടിലാക്കുന്ന വ്യവസ്ഥ നീങ്ങട്ടെ
സജ്ജനങ്ങളേ,
ഏതൊരു രാഷ്ട്രവും ക്ഷേമരാഷ്ട്രമായി ഉയരണമെങ്കില്‍ ശ്രീഃ, വിജയഃ, ഭൂതിഃ, ധ്രുവാ നീതിഃ എന്നിങ്ങനെ നാലു ഘടകങ്ങള്‍ അവിടെ നിലനില്‍ക്കണം. ശാന്തിസമൃദ്ധമായ സമ്പന്നതയും ഐശ്വര്യവും സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും സര്‍വമണ്ഡലങ്ങളിലും മഹിമയും എല്ലാവര്‍ക്കും യഥാകാലം തുല്യമായ നീതിലബ്ധിയുമാണ് ക്ഷേമരാഷ്ട്രത്തില്‍ അവശ്യം ഉണ്ടാവേണ്ടത്. ഇതോടൊപ്പം ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും, അതായത് ബൗദ്ധികമായ ഔന്നത്യവും കായികമായ കരുത്തും ഒത്തുചേര്‍ന്നാലേ ക്ഷേമരാഷ്ട്രമാവാന്‍ സാധിക്കൂ എന്നാണ് ശ്രീമദ്ഭഗവദ്ഗീതയുടെ ഒടുവില്‍ സഞ്ജയന്റെ നിരീക്ഷണവും നിരൂപണവും.
സുദീര്‍ഘകാലം അടിമത്തത്തിന്റെ കൂച്ചുവിലങ്ങുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന ഭാരതത്തെ ക്ഷേമരാഷ്ട്രമായി ഉയര്‍ത്തി പരിപാലിക്കുന്നതിന് ആവശ്യമായ സകലനിയമങ്ങളുടെയും അടിസ്ഥാനമാര്‍ഗദര്‍ശികയായി തയ്യാറാക്കപ്പെട്ടതാണ് ഭാരതത്തിന്റെ ഭരണഘടന. രാഷ്ട്രത്തിലെ എല്ലാ ജനങ്ങള്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ പ്രദാനം ചെയ്ത്, അധികാരങ്ങളെയും ബാധ്യതകളെയും നല്ലപോലെ ബോധിപ്പിച്ച് അഖണ്ഡതയാര്‍ന്ന രാഷ്ട്രമാക്കി നിലനിര്‍ത്തുന്നതിന് ഉതകുന്നതാണ് ഭാരതത്തിന്റെ ഭരണഘടന. വിവിധ രാഷ്ട്രങ്ങളിലെ ഭരണഘടനകളെ പരിശോധിച്ചും വിദ്വാന്മാര്‍ സുദീര്‍ഘമായി ചര്‍ച്ച ചെയ്തും വളരെയധികം കൂട്ടലും കുറയ്ക്കലും വെട്ടലും തിരുത്തലും ഒക്കെ വരുത്തിയുമാണ് ഭരണഘടന അംഗീകരിക്കപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതം ഒരു യൂനിയനായി രൂപപ്പെട്ടതിനുശേഷമാകട്ടെ, നിയമനിര്‍മാണവ്യവസ്ഥ അനേകം കൂട്ടലും കുറയ്ക്കലും ഭരണഘടനയില്‍ വരുത്തി. അടിസ്ഥാനപരമായ ഭേദഗതികള്‍ തന്നെ വരുത്തിയ സന്ദര്‍ഭവും ഉണ്ട്.
ഏതൊരു ഗുണകരമായ വ്യവസ്ഥയ്ക്കും ദോഷവശങ്ങള്‍ ഉണ്ടാവും; ഏതൊരു ദോഷകരമായതിനും ഗുണവശങ്ങളും ഉണ്ടാവും. ഈ ഗുണദോഷസങ്കല്പവും അനുഭവവും ദേശകാലാദിഭേദങ്ങള്‍ക്കനുസരിച്ചു മാറുന്നതുമാണ്. ദോഷാധികഭാവം ദേശകാലങ്ങള്‍ക്കനുസരിച്ചു നീക്കുകയും ഗുണാധിക്യത്തെ വളര്‍ത്തുകയും ചെയ്യുക എന്നതാണു വ്യവസ്ഥയുടെ പോഷണത്തിനു വേണ്ടത്. ഇതു യഥാകാലം സംഭവിക്കണം.
ഭാരതത്തെയും ഭരണഘടനയെയും ബന്ധപ്പെടുത്തിക്കൊണ്ട് ഈ വിഷയം ചിന്തിക്കുമ്പോള്‍ സമൂഹത്തെ മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നു വിഭജിച്ച വിഷയം ശ്രദ്ധേയമാകുന്നു. വിശ്വാസാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണു മതം നിലകൊള്ളുന്നതെങ്കിലും അതിനു സംഘടിതസ്വഭാവംകൂടി ഉള്ളതിനാല്‍ സാമൂഹികഘടകമായി മതം അംഗീകരിക്കപ്പെടാം. അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷസമൂഹമായി നിലകൊള്ളുന്ന മതവിഭാഗങ്ങള്‍ക്കു മതപരമായ അനുഷ്ഠാനത്തിനു ചില സംരക്ഷണങ്ങള്‍ ആവശ്യമാണ് എന്ന സാമൂഹികശാസ്ത്രത്തിന്റെ കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമായ ന്യൂനപക്ഷസംരംക്ഷണം വ്യവസ്ഥപ്പെടുത്തുന്ന നിയമവ്യവസ്ഥകളും നമുക്ക് ഉള്‍ക്കൊള്ളാം, അംഗീകരിക്കാം. എന്നാല്‍, മതപരിഗണനയുടെ അടിസ്ഥാനത്തില്‍ ഭാരതീയസമൂഹം ന്യൂനപക്ഷം, ഭൂരിപക്ഷം എന്നു വിഭജിക്കപ്പെടുന്നതും എല്ലാ നയങ്ങളും ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നതും ഒട്ടനവധി അനാരോഗ്യകരങ്ങളായ പ്രതിസന്ധികളെ സമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ട്.
മതാചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത വിഷയങ്ങളില്‍ ഭാരതീയരെല്ലാം ഒന്നായിരിക്കേണ്ടതാണ്. ഒരു രാഷ്ട്രം, ഒരു നിയമം, ഒരു ജനത എന്ന വ്യവസ്ഥ സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാവണം. എന്നാലേ രാഷ്ട്രത്തിന്റെ അഖണ്ഡത അച്ഛേദ്യമായി നിലനില്‍ക്കൂ. ആരാണോ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമൊക്കെയായി താഴേത്തട്ടില്‍ വര്‍ത്തിക്കുന്നത്, ആ മനുഷ്യര്‍- അവര്‍ ഹിന്ദുവാകട്ടെ, മുസ്ലീം ആകട്ടെ, ക്രിസ്ത്യാനിയാകട്ടെ, സിഖോ ബൗദ്ധനോ ജൈനനോ പാഴ്സിയോ മതമില്ലാത്തവനോ ആരോ ആകട്ടെ- വ്യവസ്ഥയാല്‍ പിടിച്ചുയര്‍ത്തപ്പെടണം. അങ്ങനെ ഉയര്‍ത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. അല്ലാതെ പരിഗണനകള്‍ മതത്തിന്റെ അടിസ്ഥാനത്തിലാവുമ്പോള്‍ സാമ്പത്തികവും മറ്റു സാമൂഹികവുമായിരിക്കുന്ന ഉയര്‍ച്ചത്താഴ്ചകള്‍ക്കപ്പുറം പിരഗണനയുടെ മാനദണ്ഡം മതമാവുന്നു. ആനുകൂല്യങ്ങളും സംവരണങ്ങളും അനുഭവിക്കുന്നവര്‍ കൂടുതല്‍ ചോദിക്കുന്ന, ലഭിച്ചതില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാത്ത, സംഘടിതഗ്രൂപ്പുകളായിത്തീരുന്നു. മതാടിസ്ഥാനത്തിലും ജാത്യടിസ്ഥാനത്തിലും പുതിയ വിലപേശല്‍വിഭാഗങ്ങള്‍ രംഗപ്രവേശം ചെയ്യുന്നു. ഇത് വോട്ടുബാങ്ക് സ്വഭാവത്തിലേക്കു രാഷ്ട്രവാസികളെ വിഭജിക്കുന്നു. മുന്‍കാലങ്ങളില്‍ ജാതിയില്‍ ഉയര്‍ന്നവരായിരുന്നു എന്നും മറ്റും പരാമര്‍ശിക്കപ്പെടുന്നവര്‍ ഇന്നത്തെ ദാരിദ്ര്യമധ്യത്തിലും തഴയപ്പെട്ടവരും പരിഗണനകള്‍ക്ക് അനര്‍ഹരും ആയി ശേഷിക്കുന്നു.
നമ്മുടെ രാഷ്ട്രം ഒന്ന് എന്നു പറയുമ്പോഴും വിദ്യാഭ്യാസം, തൊഴില്‍, സര്‍ക്കാരുമായുള്ള സാമ്പത്തികബന്ധങ്ങള്‍ എന്നിവയിലെല്ലാം മതം മാനദണ്ഡമാകുമ്പോള്‍, സമൂഹം വിവിധ പക്ഷങ്ങളായി വെട്ടിമുറിക്കപ്പെടുന്നു. ഈ അനീതി ഏറ്റവുമേറെ കാണപ്പെടുന്ന വിദ്യാഭ്യാസമേഖലയില്‍ എന്തെല്ലാം ഭേദവ്യവഹാരങ്ങളാണു നിലനില്‍ക്കുന്നത്? ന്യൂനപക്ഷം എന്നു പറയപ്പെടുന്നവര്‍ക്കു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അതിവിപുലമായ അധികാരം ഇവിടെ നിലനില്‍ക്കുന്നു. ഇതിന്റെ സാങ്ഗത്യം എത്ര ചിന്തിച്ചാലും മനസ്സിലാവുകയില്ല. അതതു മതപഠനസ്ഥാപനങ്ങള്‍ മതവിഭാഗങ്ങള്‍ സ്ഥാപിച്ചുനടത്തുന്നതു ശരിതന്നെ, എന്നാല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടയും എന്‍ജിനീയറിംങ്-മെഡിക്കല്‍ കോളജുകളുടെയും പ്രാഥമിക-മധ്യമവിദ്യാലയങ്ങളുടെയും ഒക്കെ സ്ഥാപനപരിപാലനവും മതവ്യവസ്ഥയും തമ്മിലെന്താണു ബന്ധം? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഇവയെങ്കിലും വിശേഷാധികാരം ഭരണഘടനാദത്തമായി നിലനില്‍ക്കുന്നു. 'ന്യൂനപക്ഷപദവി' സമൂഹത്തെ എല്ലാ ഏകതയുടെ നയങ്ങളെയും നശിപ്പിക്കുംവിധം, നാം ഒന്ന് എന്ന ഭാവനയുടെ അടിത്തറയെ നശിപ്പിക്കുംവിധം നിലകൊള്ളുന്നു. 'ന്യൂനപക്ഷാവകാശം' ഉപയോഗിച്ചു സ്ഥാപിക്കപ്പെട്ട വിദ്യാകേന്ദ്രങ്ങള്‍ ആയിരക്കണക്കിനു വളര്‍ന്നുവരുന്ന നമ്മുടെ രാഷ്ട്രത്തില്‍ കുറുക്കുവഴികളിലൂടെ ഒട്ടനേകം സ്ഥാപനങ്ങള്‍ ന്യൂനപക്ഷാവകാശം നേടിയെടുക്കുന്ന കുടിലവും വികലവുമായ കാഴ്ചകളും നാം ഏറെ കാണുന്നു.
ഈയടുത്ത് മാധ്യമശ്രദ്ധയ്ക്കും വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ പ്രതിഷേധത്തിനുംമറ്റും വിധേയമായ ഒരു വിഷയം നമുക്കും ശ്രദ്ധേയമായിരിക്കുന്നു. ന്യൂനപക്ഷം എന്നു പറയപ്പെടുന്നവര്‍ക്കുള്ള അധികാരാവകാശങ്ങള്‍ ഭൂരിപക്ഷം എന്നു പറയപ്പെടുന്നവര്‍ക്കു ലഭിക്കാത്ത നമ്മുടെ നാട്ടില്‍ അനേകവിദ്യാലയങ്ങളാണ് അന്യായവഴികളിലൂടെ ന്യൂനപക്ഷപദവി പുതുതായി നേടുന്നത്. 1992ല്‍ സ്ഥാപിതമായ കേന്ദ്ര ന്യൂനപക്ഷ കമ്മീഷനെക്കൂടാതെ 2004ല്‍ ഓര്‍ഡിനന്‍സിലൂടെ സ്ഥാപിതമായ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ള ദേശീയസ്ഥാപനങ്ങളില്‍ പിന്‍വാതില്‍ പ്രവര്‍ത്തനത്തിലൂടെ ഒട്ടനേകം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കുടിലമാര്‍ഗങ്ങളിലൂടെ ന്യൂനപക്ഷസ്ഥാപനപദവി നേടുന്നത് അത്യന്തം അപലപനീയമായ നടപടിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭാരതത്തില്‍ ആയിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷപദവി നേടിയതായാണ് അറിയുന്നത്. കേരളത്തില്‍ത്തന്നെ ഇത്തരം സ്ഥാപനങ്ങള്‍ ഒട്ടനേകം പ്രവര്‍ത്തിക്കുന്നുണ്ട്.
എയിഡഡ് സ്‌കൂളുകളും അണ്‍ എയിഡഡ് സ്‌കൂളുകളും ന്യൂനപക്ഷസമുദായാംഗമായ വ്യക്തിയോ വ്യക്തികളോ വിലയ്ക്കു വാങ്ങിയശേഷം ഒരുപ്രകാരത്തിലും അര്‍ഹമല്ലാത്ത ന്യൂനപക്ഷപദവി നേടിയെടുക്കുന്നതാണ് ഒരു പുതിയ രീതി. അധികാരത്തിന്റെ അകത്തളങ്ങളില്‍ സ്വാധീനമുള്ള ചില വ്യക്തികള്‍ ഇതു തരപ്പെടുത്തിക്കൊടുക്കുന്നു. പലപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ മേഖലയെയും അതിക്രമിച്ചിട്ടാണ് ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു വിദ്യാഭ്യാസസ്ഥാപനം ന്യൂനപക്ഷപദവി രഹസ്യമായി തരപ്പെടുത്തിയാല്‍പ്പിന്നെ അവിടെ ജീവനക്കാരുടെ നിയമനം യഥേഷ്ടം ചെയ്യാനാവുന്നു. അതിലുപരിയായി സകലമുന്‍ഗണനാക്രമങ്ങളെയും മര്യാദകളെയും ലംഘിച്ചുകൊണ്ടു പ്രധാനാധ്യാപകനിയമനം നടത്താനാവുന്നു. വളരെയധികം സമ്പത്തു ന്യൂനപക്ഷസ്ഥാപനമെന്ന പേരില്‍ തട്ടിയെടുക്കാനാവുന്നു. ഇതെല്ലാം എത്ര വലിയ സാമൂഹികപ്രശ്നങ്ങളെ ഉണ്ടാക്കുന്നു എന്നതോര്‍ക്കുമ്പോള്‍ ഒട്ടനവധി ചോദ്യചിഹ്നങ്ങള്‍ നമുക്കു മുമ്പില്‍ ഉയരുകയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അവിഹിതങ്ങളായ മാര്‍ഗങ്ങളിലൂടെ ന്യൂനപക്ഷപദവി നേടിയെടുത്ത സ്ഥാപനങ്ങളെക്കുറിച്ചും അവ നേടിയ ഫണ്ടുകളെക്കുറിച്ചും സകലചട്ടങ്ങളും ലംഘിച്ചുകൊണ്ട് അവിടങ്ങളില്‍ നടന്ന നിയമനം, സ്ഥാനക്കയറ്റം എന്നിവയെക്കുറിച്ചും ശരിയായ അന്വേഷണങ്ങള്‍ നടക്കട്ടെ. അധികാരത്തിന്റെ അകത്തളങ്ങളില്‍ അവിഹിതസ്വാധീനം ചെലുത്തുന്ന കണ്ണികള്‍ ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരപ്പെടട്ടെ.
ഇത്തരം അപചയങ്ങള്‍ക്കൊക്കെയും പരിഹാരമായും വികലമായി രാഷ്ട്രത്തിന്റെ സ്വത്വത്തിനുതന്നെ വിഘാതമായി വളര്‍ന്നുവരുന്ന മതവോട്ടുബാങ്കുകള്‍ ഇല്ലാതാവുന്നതിനും ഒരു രാഷ്ട്രം, ഒരു നിയമം, ഒരു ജനത എന്ന നിലയ്ക്കു ന്യൂനപക്ഷ-ഭൂരിപക്ഷഭേദങ്ങളൊക്കെ ഒഴിഞ്ഞ ഒരു വ്യവസ്ഥ ഉണ്ടാകുവാന്‍ നമുക്കു സങ്കല്പിക്കാം.
ക്ഷേമാശംസകളോടെ,
സ്വാമി ചിദാനന്ദ പുരി