August 2019 Edition
₹ 40.00
₹ 120.00
₹ 240.00
₹ 480.00
രണ്ടാമതു ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതു ഭാരതത്തിനു പകരുന്നതു വലിയ അഭിമാനവും ശാസ്ത്രസാങ്കേതികമേഖലകളിലുള്ള വന്‍ കുതിപ്പുമാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് ഈ ജൂലായ് 22ാം തീയതി നടത്തിയ ഈ വിക്ഷേപണത്തിലൂടെ ബഹിരാകാശഗവേഷണത്തില്‍ ഏറ്റവും മുന്നിലുള്ള രാഷ്ട്രങ്ങളിലൊന്ന് എന്ന സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ഭാരതത്തിനു സാധിച്ചു. 104 ഉപഗ്രഹങ്ങളെ ഒരുമിച്ചു വിക്ഷേപിച്ചുകൊണ്ട് 2017 ഫെബ്രുവരി 15ന് റെക്കോര്‍ഡ് സ്ഥാപിച്ച ഭാരതത്തിന്‍റെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ കീര്‍ത്തി വാനോളമുയര്‍ത്തുന്ന പദ്ധതിയാണ് ചന്ദ്രയാന്‍ ദൗത്യങ്ങള്‍.
2003ല്‍ തുടങ്ങി 2009ല്‍ അവസാനിച്ച പ്രഥമ ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ രണ്ടാം ഘട്ടം. ചന്ദ്രോപരിതലത്തില്‍ ജലകണികകളുണ്ടെന്ന് 2008 നവംബര്‍ 14ന് പ്രഥമ ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ഭാരതം സ്ഥിരീകരിച്ചിരുന്നു.
പത്തു വര്‍ഷത്തോളം നീണ്ട ഗവേഷണവും ഇതേകാലത്തോളം നേടിയെടുത്ത എന്‍ജിനീയറിംങ് മികവും കൈമുതലാക്കിയാണ് രണ്ടാമതു ചന്ദ്രയാന്‍ ദൗത്യത്തിനു തുടക്കമിട്ടത്. 2019 ജൂലായ് 15നു വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നിമിത്തം ഇത് ഒരാഴ്ചത്തേക്കു നീട്ടിവെക്കേണ്ടിവന്നു. ജൂലായ് 22നാണ് ജി.എസ്.എല്‍.വി. എംകെ.3-എം1 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാന്‍-2 ബഹിരാകാശപേടകം വിജയകരമായി വിക്ഷേപിച്ചത്. മുഴുവന്‍ ഭാരതവും ഏറെ ആഹ്ലാദിച്ച നിമിഷങ്ങളായിരുന്നു വിക്ഷേപണവിജയത്തിന്‍റേത്. ബഹിരാകാശഗവേഷണത്തിലെ നിര്‍ണായകചുവടെന്ന നിലയില്‍ മാനവരാശി ഈ നേട്ടത്തെ വിലയിരുത്തിയപ്പോള്‍ ഭാരതീയരുടെ ഹൃദയങ്ങളില്‍ ദേശസ്നേഹവും അഭിമാനവും അലയടിച്ചു. ജനസമൂഹം ഐ.എസ്.ആര്‍.ഒയെ സ്നേഹപുഷ്പങ്ങളാല്‍ മൂടി. ഭാരതത്തിന് അഭിമാനകരമായ ഈ വിജയം നേടിത്തന്ന ശാസ്ത്രജ്ഞന്മാരുടെ തപസ്സിനുമുമ്പില്‍ നമുക്കു നമിക്കാം.
ലോകം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ഇടത്തേക്കാണു ചന്ദ്രയാന്‍ 2 മനുഷ്യന്‍റെ അന്വേഷണങ്ങളെ കൊണ്ടെത്തിക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തെ സ്പര്‍ശിക്കുന്ന ആദ്യമനുഷ്യനിര്‍മിതപേടകമായിരിക്കും ചന്ദ്രയാന്‍ 2. ചന്ദ്രോപരിതലത്തെക്കുറിച്ചു കൂടുതല്‍ അറിയുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. ഇതിലും ഗൗരവമേറിയ ബഹിരാകാശഗവേഷണത്തിനുള്ള ചവിട്ടുപടിയുമാണ് ഇത്. മനുഷ്യന്‍റെ കണ്ടുപിടിത്തങ്ങളുടെ പട്ടികയിലേക്കു ചിലതുകൂടി കൂട്ടിച്ചേര്‍ക്കാന്‍ ചന്ദ്രയാന്‍ 2 ലക്ഷ്യംവെക്കുന്നു; ആഗോള ബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ ലക്ഷ്യംവെക്കുന്നു; വരുംതലമുറയിലെ ശാസ്ത്രജ്ഞരിലും ഗവേഷകരിലും ആവേശമുണര്‍ത്താനും ചന്ദ്രയാന്‍ 2 ലക്ഷ്യംവെക്കുന്നു.
ചന്ദ്രനെക്കുറിച്ചുള്ള പഠനം പല മേഖലകളിലും അറിവു പകരാന്‍ ഉതകുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും രൂപവല്‍ക്കരണത്തെയും ചരിത്രത്തെയുംകുറിച്ചു മനസ്സിലാക്കുന്നതിനുള്ള പ്രവേശികയായി ചന്ദ്രോ പരിതലത്തെക്കുറിച്ചുള്ള പഠനം കണക്കാക്കപ്പെടുന്നു. ചന്ദ്രനെ ആവര്‍ത്തിച്ചും വിശദമായും നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്നത് ചന്ദ്രന്‍റെ രൂപീകരണവും പരിണാമവും പഠനവിധേയമാക്കുന്നതിനാണ്.
ചന്ദ്രയാന്‍ 1 ചന്ദ്രോപരിതലത്തില്‍ വെള്ളത്തിന്‍റെ കണങ്ങള്‍ കണ്ടെത്തിയതു തുടര്‍ഗവേഷണത്തിനു വിധേയമാകേണ്ട ഒന്നാണ്.